shortstory
അവൾ അനാമിക
എഴുത്ത്: Rohini Amy
ആതിരയുടെ അമ്മാവന്റെ മോളുടെ കല്യാണത്തിന് കലവറയിൽ ആണ് ഞാൻ അവളെ കണ്ടത്…… ആദ്യം വിശ്വാസം വന്നില്ല…… കുറച്ചു അടുത്തു പോയി നോക്കി…. അതെ അതവൾ തന്നെ…… അനാമിക …. തന്റെ മാത്രം ആമി …
അവളെ കാണാൻ മാത്രം ജനാല തുറന്നാൽ കലവറ കാണാൻ പറ്റിയ ഒരു റൂം തന്നെ എടുത്തു……. ആരെയും ശ്രദ്ധിക്കാതെ സ്വന്തം ജോലി മാത്രം ചെയ്തുകൊണ്ടിരിക്കുവാണ്……പച്ചക്കറി മുറിക്കുമ്പോൾ കൈ വിരൽ മുറിഞ്ഞിട്ടും അതൊരു കാര്യമാക്കാതെ നരച്ച സാരിയുടെ മുന്താണിയിൽ തുടച്ചു വീണ്ടും സ്വന്തം ജോലി നോക്കുകയാണവൾ…….. തുടച്ചു കൊടുക്കാൻ ആരുമില്ലെങ്കിൽ ഇങ്ങനെ സ്വയം തുടച്ചല്ലേ പറ്റു …….
എന്റെ സ്വന്തം ആയിരുന്നപ്പോൾ ചെറുതായി ഒന്നു ചോര പൊടിഞ്ഞാൽ പോലും അതും പിടിച്ചു കണ്ണും നിറച്ചു ഓടി വന്നു നെഞ്ചിൽ വീഴുമായിരുന്നു…….. ഞാൻ ചോര വലിച്ചെടുത്തു തുപ്പിക്കളഞ്ഞാൽ മതി…. അതായിരുന്നു അവളുടെ ഫസ്റ്റ് എയ്ഡ്……. രാത്രി ഏറെ ആയെന്നറിഞ്ഞത് അവർ പോകാനിറങ്ങിയപ്പോഴാണ്……..നാളേക്ക് എല്ലാം ഒതുക്കി വച്ചിട്ട് അവരെല്ലാം ഇറങ്ങി…… ഒന്നു മിണ്ടാൻ ആഗ്രഹമുണ്ട്……. ആതിരയുടെ വീട്ടുകാർ ആരെങ്കിലും കണ്ടാൽ നൂറു ചോദ്യങ്ങൾ ചോദിക്കും…… നാളെയും വരുമല്ലോ ബാക്കിയുള്ള പണിയെല്ലാം ചെയ്യാൻ……
അപ്പോൾ ഒന്നു സംസാരിക്കണം……. അവൾ പോകുന്നതു കാണാൻ സുധീറും വെളിയിലേക്ക് വന്നു……. ഒരു ചെറിയ ടെമ്പോ വാനിന്റെ പിന്നിൽ എല്ലാവരും കയറി……. ഇരുട്ടായതിനാൽ അവളുടെ മുഖം കാണാൻ പറ്റുന്നില്ല……. സുധീറിന്റെ നെഞ്ചൊന്നു ഇടിച്ചു……. തന്റെ കൂടെ കാറിന്റെ മുന്നിൽ ഇരുന്നു യാത്ര ചെയ്തിരുന്ന ആമിയെ സുധീർ ഓർത്തു…അയാൾ ഉറങ്ങാൻ സാധിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു……. മനസ്സിലും കണ്ണിലും നിറഞ്ഞു നിൽക്കുന്നത് ആമി മാത്രമാണ്…. അവളുടെ ഇന്നത്തെ കോലമാണ്…… എന്തിനാണ് താനവളെ ഈ നിലയിലേക്ക് തള്ളിയിട്ടത്….. എന്തു തെറ്റാണ് അവൾ തന്നോട് ചെയ്തത്…….. അയാൾ കണ്ണുകൾ അടച്ചു പഴയ ഓർമകളിലേക്ക് പോയി…..
കോളേജിൽ വച്ചു കണ്ടിഷ്ടപ്പെട്ടതാണ് അവളെ….. തന്റെ ജൂനിയർ….. വെറും രണ്ടു വയസ്സിനു മാത്രം ഇളപ്പം……. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ അവൾക്കു കല്യാണാലോചനകൾ വന്നുതുടങ്ങി…… അവൾ പ്രണയിക്കുന്ന ആൾക്ക് മാത്രം അവളെ കൊടുക്കില്ല എന്നുള്ള അവളുടെ വീട്ടുകാരുടെ പിടിവാശിയും….
ആ വീട്ടിൽ നിന്നും പെണ്ണെടുത്താൽ ഉദ്ദേശിക്കുന്ന തരത്തിലുള്ള ആ സാധനം കിട്ടില്ലന്നുള്ള എന്റെ വീട്ടുകാരുടെ മനസ്സിലിരിപ്പും ആയപ്പോൾ കല്യാണം ഏതാണ്ട് നടക്കില്ലന്നുള്ള അവസ്ഥ വന്നു…… മറ്റൊരാൾക്ക് മുന്നിൽ കെട്ടിയൊരുങ്ങി നിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അന്നത്തെ ചോരത്തിളപ്പിൽ അവളെ വിളിച്ചിറക്കി കൊണ്ടുവന്നു……വീട്ടുകാർക്ക് തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും ഒറ്റപ്പുത്രനായതിനാലും നാട്ടുകാർ കുറച്ചു പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നതുകൊണ്ടും ആമിയെ അമ്മ വിളക്കു കൊടുത്തു സ്വീകരിച്ചു…… പെങ്ങളും അമ്മയും അന്നു കറുപ്പിക്കാൻ തുടങ്ങിയതാണ് അവരുടെ മുഖം…….. ആമി അതൊക്കെ കണ്ടില്ലെന്നു നടിച്ചു ക്ഷമിച്ചു ജീവിച്ചു…….
ആമിയുടെ ഭാഗ്യം എന്റെ ജീവിതത്തിലും വന്നുതുടങ്ങിയതുകൊണ്ട് psc ദൈവങ്ങൾ കടാക്ഷിച്ചു ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയി ഞാൻ…… കുറച്ചു ദൂരെയായതിനാൽ പോയി രണ്ടു മൂന്നു മാസങ്ങൾക്കു ശേഷം ആമിയെയും കൊണ്ടു പോയി…… മുറുമുറുപ്പ് ഉണ്ടായെങ്കിലും അതത്ര കാര്യമാക്കിയില്ല ഞാൻ……പിന്നീട് ഞങ്ങളുടെ ജീവിതം ആയിരുന്നു….. സന്തോഷം നിറഞ്ഞു നിന്നു….. രണ്ടുപേരും കൂടി ഒരുമിച്ചിരുന്നു സംസാരിക്കുന്ന സമയം ഞാൻ അവളോട് ചോദിച്ചു…….
നമ്മളിൽ ആരാദ്യം മരിക്കും എന്ന്…….. ഒരു സങ്കോചവും കൂടാതെ അവൾ പറഞ്ഞു……. സുധിയേട്ടൻ ആദ്യം മരിച്ചാൽ മതി എന്ന്……. നെഞ്ചിൽ ഒരു നൊമ്പരം അടിഞ്ഞുകൂടി……. സ്വാഭാവികമായും……..അല്ലെങ്കിൽ ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യ പറയേണ്ടത് തനിക്കു ആദ്യം മരിക്കണം എന്നല്ലേ……. എന്റെ മുഖം മുഷിഞ്ഞതിലാവണം അവൾ എന്റെ കാതോരം ചുണ്ടു ചേർത്തു പറഞ്ഞു……. എന്റെ സുധിയേട്ടന്റെ കുറുമ്പും കുന്നായ്മയും സഹിക്കാൻ എന്നെക്കൊണ്ടു മാത്രമേ പറ്റു….
വേറാരും ഇതുപോലെ സഹിക്കില്ല….. ഞാൻ ആദ്യം പോയാൽ ഏട്ടനത് ഉൾക്കൊള്ളാൻ പറ്റിയെന്നു വരില്ല……. ഭാര്യ ജീവിച്ചിരിക്കുമ്പോൾ ഭർത്താവ് എന്നും രാജാവ് ആണ്….. എന്തു ചെയ്തു തരാനും ഭാര്യ കൂടെയുണ്ടാകും….. അപ്പോൾ ഞാൻ ആദ്യം ഇല്ലാതായാലോ……ആരുടെ മുന്നിലും ഏട്ടൻ ഒന്നും ചോദിച്ചു വാങ്ങുന്നത് എനിക്കു സഹിക്കാൻ പറ്റില്ല…. അത് ഒരു ഗ്ലാസ് വെള്ളം ആയാൽ പോലും……. കേട്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയെങ്കിലും കണ്ണു നിറഞ്ഞൊഴുകിയത് അവൾ കാണാതിരിക്കാൻ പാടുപെട്ടു….. അവൾക്ക് വിഷമം ആവും…..
ആമി ഗർഭിണി ആണെന്ന് അറിഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ നിലത്തൊന്നും ആയിരുന്നില്ല…..അവളെ കൊണ്ടുനടക്കാൻ ഒരു കാർ ഒക്കെ വാങ്ങി……. അവളുടെ കൂടെ എപ്പോഴും ഇരുന്നു നോക്കാൻ പറ്റാത്തതുകൊണ്ട് അമ്മയുടെ കാലുപിടിച്ചു കൂടെ കൊണ്ടു നിർത്തി….. പെങ്ങൾ തനിച്ചാവുമെന്നു പറഞ്ഞു അമ്മ അവളെയും കൂട്ടത്തിൽ കൂട്ടി……പിന്നീടാണ് കുടുംബത്തിന്റെ താളം തെറ്റാൻ തുടങ്ങിയത്………. ആമി പറഞ്ഞു എന്തെങ്കിലും വാങ്ങിക്കൊണ്ടുവന്നാൽ അനിയത്തിക്ക് എന്തുകൊണ്ട് വാങ്ങിയില്ല എന്നു ചോദിക്കും അമ്മ……. എന്നാൽ ഞാൻ കൊണ്ടുവന്നത് ആ വീട്ടിൽ എല്ലാവർക്കും കൂടി വേണ്ടിയാണെന്ന് അവർ മനസ്സിലാക്കിയില്ല……
തനിക്കു കിട്ടേണ്ടിയിരുന്ന സ്ത്രീധനകണക്കുകൾ ആമിയുടെ മുൻപിൽ നിരത്തലാണ് അമ്മയുടെ പ്രധാന പണി….. അതിലൂടെ അനിയത്തിയുടെ ഭാവിയാണ് ആമി നശിപ്പിച്ചതെന്നു പറഞ്ഞു പ്രാക്ക് വേറെ……..ചെറിയ ചെറിയപ്രശ്നങ്ങൾ വലുതാക്കാൻ തുടങ്ങി…….. ആമി സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യാൻ തുടങ്ങി ആ വയറും വെച്ചു…… ആരോടും പരാതിയില്ലാതെ…….ഓഫീസിൽ നിന്നും വീട്ടിലേക്കു വന്നു കയറാൻ തന്നെ മടി തോന്നി…….. അമ്മയ്ക്കും അനിയത്തിക്കും ആമിയുടെ കുറ്റം പറഞ്ഞു മതിയാവാത്തതുപോലെ……… അമ്മയുടെ കണ്ണുനീർ കാണാൻ പറ്റില്ല……
ആമിയുടെ ദയനീയാവസ്ഥ സഹിക്കാനും പറ്റുന്നില്ല…… ആരുടെ പക്ഷം നിൽക്കണമെന്ന് അറിയില്ല……കിടക്കാൻ നേരം ആമി തലയിൽ പതിയെ തലോടി ഉറക്കും….. ഇതു ഞാൻ അവൾക്കു ചെയ്തു കൊടുക്കേണ്ടതാണ്……ആമിയുടെ ഡെലിവറി കഴിഞ്ഞ സമയത്തു പോലും അവളുടെ വീട്ടിൽ നിന്നും ആരും വന്നില്ല…… അവരെ ഉപേക്ഷിച്ചു ഇറങ്ങി പോന്ന മകളെ അവർക്കും വേണ്ടെന്നു…….
ഇനി ഇതും പറഞ്ഞു അവരെ വിളിക്കരുതെന്ന്……….
ശരിക്കും ദേഷ്യം വന്നു…… ആരും ഒരു സഹായത്തിനു ഇല്ല……. ഇതൊന്നും നേരത്തെ ആലോചിച്ചുമില്ല…..ആമിയെ നോക്കാൻ ഒരാളെ വെക്കേണ്ടി വന്നു…….അതിനിടയിലാണ് കുഞ്ഞിന്റെ കാലിനു ചെറിയ പ്രശ്നം…….കാൽപാദം തിരിഞ്ഞാണ് ഇരിക്കുന്നത്…… അതും പെൺകുഞ്ഞാണെന്നും പറഞ്ഞു അമ്മ സ്വൈര്യം തന്നില്ല ……..
പതിയെ പതിയെ ചികിത്സ കൊടുത്താൽ ശരിയാകുമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും സമാധാനിക്കാൻ തോന്നിയില്ല…….. വീട്ടിൽ അംഗസംഖ്യ കൂടിയപ്പോൾ കിട്ടുന്ന സാലറി എല്ലാത്തിനും കൂടി തികയാതെ വന്നു….. കുഞ്ഞിന്റെ കാൽ ഇങ്ങനെ ആയത് ആമിയുടെ ദോഷം കൊണ്ടാണെന്ന് അമ്മ പറഞ്ഞു…..
കഷ്ടപ്പാടും ബുദ്ധിമുട്ടും കൂടിയതോടെ എന്റെ സ്വഭാവത്തിലും മാറ്റം വന്നു തുടങ്ങി….. ആമിയോട് ദേഷ്യം കാണിക്കാൻ തുടങ്ങി…… കുഞ്ഞിനെ നോക്കാതെയായി…….. അമ്മ അതു മുതലെടുക്കാൻ തുടങ്ങി…… ആമിയെ നീ ഉപേക്ഷിക്കൂ…. നിന്റെ ജോലിക്കും പ്രായത്തിനും വേറൊരു നല്ല വീട്ടിൽ നിന്നും പെണ്ണു കിട്ടും….
എന്ന് മറഞ്ഞും തെളിഞ്ഞും പറയാതെ പറയാൻ തുടങ്ങി….. ആമിയാണു തന്റെ കഷ്ടപ്പാടിന് കാരണമെന്നു ഞാനും വിശ്വസിക്കാൻ തുടങ്ങി…….നൂലുകെട്ടിന് കുഞ്ഞിന് ഒരു അരഞ്ഞാണം പോലും വാങ്ങാൻ ഗതിയില്ലാതെ ആയി….. ആദ്യമായി തല താണുപോയി……അവളോടുള്ള എന്റെ പെരുമാറ്റം മോശമായി തുടങ്ങിയപ്പോൾ അവൾ സ്വയം ചോദിച്ചു…. സുധിയേട്ടാ ഞാൻ എന്താ ചെയ്യണ്ടതെന്ന്… ഞാൻ കാരണം ഇങ്ങനെ വിഷമിക്കുന്നത് കാണാൻ പറ്റുന്നില്ല ന്ന്…..
അന്നു ദേഷ്യത്തിൽ പറഞ്ഞതാണ്…. ഒന്നൊഴിഞ്ഞു തരുവോ…… നീയാണ് എന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം……അടിച്ചുപൊളിച്ചു നടക്കേണ്ട സമയത്തു പെണ്ണ് കെട്ടിയതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ അബദ്ധം…… ലൈഫ് സെറ്റിൽ ആക്കാൻ ശ്രമിക്കാതെ വീട്ടുകാരെയും വെറുപ്പിച്ചു….. ആരും ഒരു സഹായത്തിനില്ലാതെ…… ഞാൻ മടുത്തു ആമി …….
ഈ ജീവിതം ഞാനിഷ്ടപ്പെടുന്നില്ല…… അതിന്റെ കൂടെ കാലു വയ്യാത്ത ഒരു കുഞ്ഞും…….. ഞാൻ ഇനിയുള്ള കാലം അതു ശരിയാക്കാൻ വേണ്ടി കഷ്ടപ്പെടണ്ടേ……. ഇതിനിടയിൽ ഞാൻ എപ്പോഴാ ഒന്നു ജീവിക്കുന്നത്……. എനിക്കുമില്ലേ ആഗ്രഹങ്ങൾ……
മതി സുധിയേട്ടാ മതി……. നിർത്തൂ…… എന്നെ എന്തു വേണമെങ്കിലും പറഞ്ഞു കൊള്ളൂ….. കുഞ്ഞിനെ പറയാൻ നിങ്ങൾക്ക് എന്താ അധികാരം……കുഞ്ഞു ജനിച്ചപ്പോൾ മുതൽ ഞാൻ കാണുന്നുണ്ട് അതിനോട് കാട്ടുന്ന ഇഷ്ടക്കേട്….ഞാൻ ഒരു ഭാര്യ മാത്രമല്ല ഇപ്പോൾ……. ഒരു അമ്മയും കൂടിയാണ്….. ഒരമ്മക്കും സഹിക്കാൻ പറ്റാത്തതാണ് ഇതൊക്കെ……കുഞ്ഞിന്റെ കാൽ വയ്യാത്തതിന് അവളെന്തു ചെയ്തു……
അത് കുറച്ചു ചികിത്സ കിട്ടിയാൽ മാറുമെന്നല്ലേ ഡോക്ടർ പറഞ്ഞത്…… ഇനി അതിനു വേണ്ടി ഒരു നയാപൈസ മുടക്കേണ്ട….. ഞാൻ നോക്കിക്കോളാം അവളെ…… നിങ്ങൾ ജീവിച്ചോളൂ സുധിയേട്ടാ….. ഞങ്ങൾ ഒരു വിലങ്ങുതടിയാവില്ല ആ ജീവിതത്തിന്….. ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്…. എന്നെ തനിച്ചാക്കിയില്ലല്ലോ നിങ്ങൾ….. ഒരു കുഞ്ഞിനെ തന്നില്ലേ……
അന്ന് അതൊന്നും മനസ്സിൽ കയറിയില്ല….. അവളുടെ സങ്കടവും എന്റെ കുഞ്ഞിന്റെ അനാഥത്വവും ഒന്നും…..അന്നു ഓഫീസിൽ നിന്നും വന്നപ്പോൾ അമ്മയാണ് പറഞ്ഞത് ആമി കുഞ്ഞിനേയും കൊണ്ടു പോയെന്നു….. എങ്കിലും മനസ്സിൽ ഒരു കുറ്റബോധം….. തനിക്കു എങ്ങനെ കഴിഞ്ഞു സ്വന്തം പെണ്ണിനേയും കുഞ്ഞിനേയും പെരുവഴിയിലേക്ക് വലിച്ചെറിയാൻ….. ആമി സ്വന്തം വീട്ടിലേക്കു തിരിച്ചു പോകുമെന്ന് വിശ്വസിച്ചു…….
തനിക്കു ചുറ്റും അമ്മയും പെങ്ങളും ഒരു വലയം തന്നെ തീർത്തു കുറ്റബോധം ഉണ്ടാവാതിരിക്കാൻ….. താൻ ചെയ്യുന്നത് ശരിയാണെന്നു വരുത്തിത്തീർത്തു….. പതിയെ പതിയെ മനസ്സ് പഴയപടിയാക്കിയെടുക്കാൻ അമ്മയെക്കൊണ്ട് കഴിഞ്ഞു…….ആമിയെക്കുറിച്ചു അന്വേഷിക്കാൻ പോലും സമ്മതിച്ചില്ല……. താനും അത് ആഗ്രഹിച്ചതുപോലെ…… അല്ലെങ്കിൽ തന്നെക്കൊണ്ട് ആവുമായിരുന്നു അവളെയും കുഞ്ഞിനേയും ഒന്ന് തിരക്കാൻ…… എങ്ങനെ ജീവിക്കുന്നു എന്നെങ്കിലും ഒന്നന്വേഷിക്കാൻ……..
അമ്മ തന്നെയാണ് എല്ലാം പറഞ്ഞു ഒരു ആലോചന കൊണ്ടുവന്നതും നടത്തിയതും……ആതിരയുടെ കഴുത്തിൽ താലി കെട്ടുമ്പോൾ മനസ്സിൽ വിരിഞ്ഞത് ആമിയുടെ പേടിയും നാണവും കലർന്ന മുഖമായിരുന്നു…….. ആതിരയുടെ ശരീരത്തിൽ തളർന്നു വീഴുമ്പോൾ ഒരിക്കൽ പോലും ആമിയുടെ മുഖം ഓർക്കാതിരിക്കാൻ കഴിഞ്ഞിട്ടില്ല……
വർഷങ്ങൾക്കു ശേഷം ഇന്നാണ് ആമിയെ കാണുന്നത്…….. അതും ഈ കോലത്തിൽ…… ദൈവത്തിന്റെ വിധി പോലെ ആതിരക്ക് ഇതുവരെ അമ്മയാകാൻ സാധിച്ചിട്ടില്ല……അവളുടെ പണത്തിന്റെ ബലം കൊണ്ടു എന്റെ അമ്മയത് മനപ്പൂർവം മറന്നു…… അനിയത്തിയെ നല്ല നിലയിൽ കല്യാണം കഴിപ്പിച്ചു വിട്ടു…… അഞ്ചു വർഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിനെ കൊടുക്കാൻ പറ്റിയില്ലെന്നു പറഞ്ഞു അവളെ കെട്ടിയോൻ വീട്ടിൽ കൊണ്ടുവിട്ടു…. കുറ്റം മുഴുവൻ അവളുടെ തലയിൽ ചാരി…….. ഇപ്പോൾ ഡിവോഴ്സ് ആയി………..
പിറ്റേന്ന് കല്യാണത്തിന്റെ തിരക്കുകളിൽ നിന്നുമെല്ലാം ഒഴിഞ്ഞു നിന്നു…… കണ്ണിൽ ആമി മാത്രമേ ഉണ്ടായിരുന്നുള്ളു……. പണി എല്ലാം കഴിഞ്ഞു അവൾ പോകാനിറങ്ങി…….. പാതിവഴിയിൽ വന്നപ്പോൾ പിറകിൽ നിന്നും വിളിച്ചു…… ആമി ……വിളി കേട്ടു പെട്ടെന്നു തിരിഞ്ഞു നോക്കി അവൾ……. അങ്ങനെ അവളെ വിളിക്കാൻ താൻ മാത്രമേ ഉണ്ടായിരുന്നുള്ളു…… ആ മുഖത്തെ ഭാവം എന്താണെന്ന് മനസ്സിലായില്ല……
എന്നെ പ്രേമത്തോടെ നോക്കിയിരുന്ന കണ്ണുകൾക്ക് ജീവനില്ലാത്തതുപോലെ……. ചുണ്ടു വരണ്ടുണങ്ങിയിരിക്കുന്നു….. തുടുത്തിരുന്ന കവിളുകൾ ഉണങ്ങി ചോരമയം ഇല്ലാതായി…… കയ്യിലിരുന്ന പ്ലാസ്റ്റിക് കവർ ഒന്നുകൂടി മുറുകെ പിടിച്ചു അവൾ …… ഒന്നു ചിരിച്ചു ചോദിച്ചു ……. സുഖമാണോ……..
തനിക്കു അങ്ങനെ പോലും ചോദിക്കാൻ സാധിക്കുന്നില്ല…… തലയാട്ടി…. അതെയെന്ന് അറിയിച്ചു……..നീയെന്താ ഇവിടെ…….എനിക്കിപ്പോൾ ഇതൊക്കെയാണ് പണി…… ഇന്ന പണിയെന്നൊന്നും ഇല്ല…… മാനം പോകാത്ത ആവുന്ന ചെറിയ ചെറിയ പണികളൊക്കെ ചെയ്യും……അതു കൊണ്ടത് തന്റെ നെഞ്ചിലാണ്….. അവളുടെ മൊബൈൽ ബെല്ലടിച്ചു…….. ഒരു പഴയ മൊബൈൽ എടുത്തു സന്തോഷത്തോടെ സംസാരിക്കുന്നുണ്ട്…….. എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു……. മോളാണ്……. സംസാരിക്കണോ……..
മൊബൈൽ തട്ടിപ്പറിക്കുകയായിരുന്നു……. മോളെ..ന്നു വിളിച്ചതല്ലാതെ വേറൊന്നും വായിൽ വന്നില്ല…. ഒരു മടിയും കൂടാതെ അവൾ സംസാരിച്ചു എന്നോട്……… എപ്പോഴും കാണുന്നവരെപ്പോലെ…….. പരിചയമുള്ളവരെപ്പോലെ…….മോളിപ്പോൾ എന്തെടുക്കുന്നു…….ആശ്രമം വക സ്കൂളിൽ …..ഇപ്പോൾ ഒൻപതിൽ പഠിക്കുന്നു……ക്ലാസ്സിൽ ഒന്നാമതാണ്……… ആരോ ഒരാൾ സ്പോൺസർ ചെയ്യുന്നുണ്ട് അവളെ……… സ്വാമിയോട് ചോദിച്ചപ്പോൾ ആരാണെന്നു പറഞ്ഞില്ല ആദ്യമൊന്നും….. പിന്നെ ഞാനറിഞ്ഞു………
അദ്ദേഹം മോൾക്ക് വേണ്ടി മുടക്കിയ പൈസ മുഴുവൻ എനിക്കു തിരിച്ചു കൊടുക്കണം……. അവളുടെ വിജയങ്ങളിൽ അവൾക്കു മാത്രമേ അവകാശം ഉണ്ടാവൂ…… ആരോടും ഒരു കടപ്പാട് ഉണ്ടാവരുത് അവൾക്ക്…….. അതിനു വേണ്ടിയാണ് എന്റെയീ കഷ്ടപ്പാട്….
ഞാൻ പോകുന്നു…… കുറച്ചു തിരക്കുണ്ട്……ആമി തിരിഞ്ഞു നടന്നു……..
എനിക്ക് മോളെയൊന്നു കാണാൻ പറ്റുമോ……
അയാൾ ചോദിച്ചു……ഇല്ല…. ഇനി പത്താം ക്ലാസ്സ് കഴിഞ്ഞേ അവളെ ആശ്രമത്തിൽ നിന്നും വിടു…….അപ്പോൾ ആമി ഒറ്റക്കാണോ താമസം…..അയാളെ ഒന്നു സൂക്ഷിച്ചു നോക്കി….. എന്നിട്ട് ഒന്നു ചിരിച്ചു കാണിച്ചിട്ട് നടന്നു പോയി…..
പിന്നീടുള്ള ദിവസങ്ങളിൽ മോളെ ഒന്നു കാണാൻ ശ്രമിക്കുകയായിരുന്നു……. പറ്റിയില്ല….. വലിയ സ്കൂൾ……. ഏതു മതക്കാർക്കും പഠിക്കാം…..പക്ഷേ ആശ്രമത്തിന്റെ ചില നിയമങ്ങൾ പാലിക്കണമെന്നു മാത്രം…… സ്വാമിയെ കണ്ടു സംസാരിച്ചു…… അദ്ദേഹം സമ്മതിച്ചില്ല എന്നു മാത്രമല്ല ഇനി വരരുതെന്ന് കർശനമായി പറഞ്ഞു…….. അവളുടെ പഠിപ്പിനെ ബാധിക്കുന്ന തരത്തിലുള്ള ഒന്നിനെയും അദ്ദേഹം സ്വീകരിച്ചില്ല……..
ആമിയെ പിന്നീട് കാണാൻ പറ്റിയില്ല…… അവൾ കണ്ടിരുന്നുവെങ്കിലും ഒഴിഞ്ഞു മാറിയിട്ടുണ്ടാകും….. മനസ്സിൽ മോൾ എന്നൊരു ചിന്ത മാത്രമായി….. എന്റെ ചിന്ത കണ്ടിട്ടാവണം ആതിര എന്നോട് എല്ലാം ചോദിച്ചറിഞ്ഞത്…….
എന്നോട് ആമി ക്ഷമിക്കുമോ…… മോൾ ക്ഷമിക്കുമോ………… അയാൾ കണ്ണുനിറച്ചു ആതിരയോട് ചോദിച്ചു……അച്ഛൻ ആണല്ലോ എന്നുവിചാരിച്ചു മോൾ ചിലപ്പോൾ ക്ഷമിക്കുമായിരിക്കും……. പക്ഷേ… അനാമിക ഒരിക്കലും ക്ഷമിക്കില്ല……. അവളൊരു പെണ്ണാണ്…. അതുതന്നെ കാരണം…… ആതിര പറഞ്ഞു……..
കയ്യിൽ പുതുമയോടെ കിട്ടുന്നതിനോടും……. ഒരിക്കലും കിട്ടാൻ സാധ്യത ഇല്ലാത്തിനോടും മനുഷ്യന് വല്ലാത്തൊരു ആസക്തിയാണ്…… തന്റെ അവസ്ഥ ഇപ്പോൾ അതാണ്….. അയാൾ ഓർത്തു……പിന്നീട് ഒരു വർഷം കഴിഞ്ഞിട്ടുണ്ടാകും ആമിയെ കാണുമ്പോൾ…….. എവിടെയോ പോകാൻ നിൽക്കുകയാണ്…….. നരച്ച ഒരു കോട്ടൺ സാരിയുടുത്തു…….. തന്നെ കണ്ടതും അവൾ ഇങ്ങോട്ടു ചോദിച്ചു…… മോളെ കാണണോ…… ന്ന്……
വേണം……. ചാടിക്കയറി ഉത്തരം പറഞ്ഞു…….സ്കൂളിൽ പോകണം………. അടുത്തുള്ള ഓട്ടോയിൽ കയറി അവൾ ഡ്രൈവറോട് പറഞ്ഞു…….. എന്നിട്ട് എന്നെനോക്കി പറഞ്ഞു….. സ്കൂളിൽ വന്നാൽ മതി…. ഞാൻ അവിടെയുണ്ടാകും………
സ്കൂളിൽ വന്നു.. അവരെ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ കേട്ടു മൈക്കിൽ കൂടിയുള്ള അന്നൗൻസ്മെന്റ്……. എസ് എസ് എൽ സി ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിയെ സ്റ്റേജിലേക്ക് വിളിക്കുന്നത്….. അഞ്ജലി സുധീർ……..
സുധീർ ഓടിചെന്നു ഓഡിറ്റോറിയത്തിലേക്ക്….. അവിടെ കണ്ടു അയാൾ തന്റെ മോളെ…… ഒരു മാലാഖയെപ്പോലെ ഓരോ പടിയും ചവിട്ടി പിന്തള്ളി നടന്നു കയറുന്നു…..കാലുകൾ ഉറപ്പിച്ചു വച്ചുകൊണ്ട്……. ആ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല…… ആമിയുടെ അതെ മുഖം…… പക്ഷേ ആ കണ്ണുകളിൽ വല്ലാത്ത ധൈര്യം…… അവൾ മെഡൽ വാങ്ങി മൈക്കിന്റെ മുന്നിൽ വന്നുനിന്നു….. ഒരിമ പോലും ചിമ്മാതെ സംസാരിക്കാൻ തുടങ്ങി………
ആദ്യമായി എല്ലാവർക്കും ഞാൻ നന്ദി പറയുന്നു…….. സ്വാമിക്കും സ്പോൺസർ സാറിനും ടീച്ചേഴ്സിനും കൂട്ടുകാർക്കും പിന്നെ എന്റെ ദൈവമായ എന്റെ അമ്മയ്ക്കും…… ഇവിടെ എന്റെ പേര് വിളിച്ചത് തെറ്റിച്ചാണ്…….. എന്റെ പേര് അഞ്ജലി സുധീർ എന്നല്ല…….. അഞ്ജലി അനാമിക എന്നാണ്……..
എനിക്ക് എന്റെ കുറവുകൾ കണ്ടു ഉപേക്ഷിച്ച അച്ഛനെക്കാൾ സ്നേഹവും കടപ്പാടും ഇഷ്ടവും ശരീരത്തിന്റെ ഒരു ഭാഗം മറ്റൊരാൾക്ക് വിറ്റു എന്റെ കുറവ് പരിഹരിച്ച എന്റെ അമ്മയോടാണ്……. അമ്മയുടെ മകൾ…. അനാമികയുടെ മകൾ….. അങ്ങനെ അറിയപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത്……
നിറഞ്ഞ കയ്യടി കേട്ടാണ് സുധീർ ഓർമയിൽ നിന്നും ഉണർന്നത്……… മോളെ കൂട്ടി ആമി വെളിയിലേക്ക് വന്നു…….. എന്റെ മുന്നിലേക്ക്….
ഒന്നു കെട്ടിപ്പിടിച്ചു മുത്തം കൊടുക്കാൻ തോന്നിയെങ്കിലും എന്തോ ഒന്ന് പിന്നിലേക്ക് വലിച്ചു……. എന്റെ മനസ്സ് കണ്ടതുപോലെ മോൾ വന്നെന്റെ നെഞ്ചിലേക്ക് ചേർന്നു….. ചേർത്തു പിടിച്ചു…. നെറ്റിയിൽ കണ്ണുനീർ വീണപ്പോൾ അവൾ മാറി…….
…… എനിക്കറിയാം ആരാണെന്നു…..പേടിക്കണ്ട…….ഞാൻ ഒന്നും ചോദിക്കില്ല………പിന്നെ…… അമ്മ പറഞ്ഞിട്ടുണ്ട് ജീവൻ തന്നവരെ വെറുക്കരുതെന്ന്……പക്ഷേ ഒരിക്കലും ഞാൻ വിളിക്കില്ല അച്ഛാ ന്ന്…….. അങ്ങനെ ചെയ്താൽ എന്റെ അമ്മ ഇത്രയും കാലം ഒഴുക്കിയ കണ്ണുനീരിനും അനുഭവിച്ച വേദനക്കും വിലയില്ലാതെ പോകും…….. കാണാൻ വന്നതിനു ഒരുപാട് നന്ദിയുണ്ട്…….
ഇതിൽക്കൂടുതൽ വേറൊരു ശിക്ഷ തനിക്കിനി കിട്ടാനില്ല……. ചെയ്ത പാപത്തിന്…… ആ ഒരു വിളി കേൾക്കാൻ ഇനി എത്ര ജന്മം എടുത്താലാണ്……മോൾ അങ്ങോട്ടു പൊക്കോളൂ…… ഞാനിപ്പോൾ വരാം…… ആമി ഇടയിലേക്ക് വന്നു……..മോൾ അടുത്തു നിന്ന് മാറിയപ്പോൾ ആമി പറഞ്ഞു……. നിങ്ങൾ ആരുടെ മുന്നിലും തല കുനിക്കുന്നത് എനിക്കിഷ്ടമില്ല….. അത് മകളുടെ മുൻപിൽ ആയാൽ പോലും……
കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം സുധീർ ചോദിച്ചു… എന്തിനാണ് നീ നിന്റെ ശരീരം കീറിമുറിക്കാൻ കൊടുത്തത്….. വേറൊരു വഴിയും ഇല്ലായിരുന്നോ…. അല്ലെങ്കിൽ എന്നോട്……….
എന്താ നിർത്തിയത്……. ഞാൻ വന്നു കാലിൽ വീഴണമായിരുന്നോ നിങ്ങളുടെ……. നിങ്ങളുടെ സ്വന്തം ചോരയാണ് അവൾ……. അവൾക്കൊരു കുറവ് വന്നപ്പോൾ നിങ്ങൾക്കത് കുറച്ചിലായി….. ഓർത്തില്ല നിങ്ങൾ…. നമ്മുടെ രണ്ടാളുടെയും സ്നേഹത്തിന് ദൈവം തന്ന സമ്മാനമായിരുന്നു അവൾ …… ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കണമെന്നുണ്ടായിരുന്നു……. ഒരാളുടെ പോലും സഹായമില്ലാതെ ജീവിക്കാനാവില്ലെന്ന് മനസ്സിലായി…….
എന്നെ ഉപേക്ഷിക്കാൻ മാത്രം ഞാൻ ചെയ്ത തെറ്റെന്താണ് …… ഒന്നു ചേർന്നിരിക്കണം……. ഒരുമിച്ചു ഉണ്ണണം….. ഉറങ്ങണം……. കവിളിൽ അമർത്തിയൊരു ചുംബനം…… ഇതു മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളു നിങ്ങളിൽ നിന്നും….. പക്ഷേ……
അന്ന് നിങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം ഇന്നാണ് ഞാൻ കരയുന്നത്….. ഇനിയും കരയിപ്പിക്കരുത്…… എന്റെ മോൾക്കു വേണ്ടി എനിക്ക് ജീവിച്ചേ പറ്റു…… തേടിവരരുത് ഞങ്ങളെ…….. ചിലപ്പോൾ കുറവുകൾ ഇനിയും സംഭവിച്ചേക്കാം……
അന്ന് നിങ്ങളുടെ മുഖം കുനിയുന്നതു കാണാൻ ശേഷിയുണ്ടാവില്ല എനിക്ക്…… കാരണം….. എന്റെ ജീവിതത്തിലെ ആദ്യത്തേതും അവസാനത്തെയും പുരുഷൻ നിങ്ങളാണ്……….. നിങ്ങളിൽ അവസാനിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്…… പോകുന്നു…… കണ്ണുകൾ അമർത്തിതുടച്ചു അനാമിക അഞ്ജുവിന്റെ അടുത്തേക്ക് നീങ്ങി…..
തന്നെയെന്ന് തിരിഞ്ഞു പോലും നോക്കാതെ തല ഉയർത്തി നടന്നു പോകുന്ന തന്റെ ആദ്യത്തെ സ്നേഹത്തിനെയും ജീവനെയും സുധീർ കൊതിയോടെ നോക്കി നിന്നു……. ഇനിയൊരിക്കലും ഉയർത്തി പിടിക്കാൻ പറ്റാത്ത വിധം താഴ്ന്നു പോയിരിക്കുന്നു തന്റെ മുഖമെന്നു സുധീർ അറിഞ്ഞു………