Thursday, April 18, 2024
Home Blog

മറ്റ് സ്ത്രീകളുടെ നെഞ്ചിലേക്കവൾ പരിസരബോധമില്ലാതെ തുറിച്ച് നോക്കിക്കൊണ്ടിരിക്കും

0

എഴുത്ത്: Saji Thaiparambu

 

പുതുതായി വന്ന അയൽക്കാര് എങ്ങനുണ്ട് വീണേ..?നീ പരിചയപ്പെട്ടോ?ഓഫീസിൽ നിന്നും തിരിച്ചെത്തിയ സുധീഷ്, ഡ്രെസ് മാറുന്നതിനിടയിൽ ഭാര്യയോട് ചോദിച്ചു .ഞാൻ മോളെ സ്കൂൾ ബസ്സിൽ കയറ്റി വിടാൻ ചെന്നപ്പോൾ ഗെയിറ്റിനടുത്ത് ആ സ്ത്രീയും ഭർത്താവും നില്പുണ്ടായിരുന്നു,അയാള് നല്ലൊരു മാന്യനാണെന്ന് സംസാരത്തിലും പെരുമാറ്റത്തിലും മനസ്സിലായി, പക്ഷേ ആ സ്ത്രീയെ എന്തോ എനിക്കിഷ്ടപ്പെട്ടില്ലേട്ടാ..

ങ്ഹേ, അത് കൊള്ളാമല്ലോ ?അതെന്താ അവർക്ക് തലക്കനമുണ്ടായിരുന്നോ?ഹേയ് അതല്ല ,ചില വൃത്തികെട്ട ആണുങ്ങളുടെ നോട്ടമില്ലേ ?അതേ പോലെയായിരുന്നു അവരെന്നെ നോക്കിയത്ഓഹ് അത് നിൻ്റെ മുഖശ്രീ കണ്ടിട്ടിയിരിക്കുംഅയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു.അതിനവരെൻ്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് വേണ്ടേ ?അവരുടെ കണ്ണുകൾ രണ്ടും എൻ്റെ നെഞ്ചിൽ തന്നെ തറച്ചിരിക്കുവായിരുന്നു

അവളത് പറയുമ്പോൾ മുഖത്ത് നിറഞ്ഞ അവജ്ഞ, അയാൾ ശ്രദ്ധിച്ചു.’അത് കൊള്ളാമല്ലോടി ,ഇനിയവര് ലെസ്ബിയ നെങ്ങാനുമാണോ?അയാൾ സന്ദേഹം പ്രകടിപ്പിച്ചു .ആയിരിക്കും, ആർക്കറിയാം ?വീട്ടിലുള്ള ആണുങ്ങളെക്കൊണ്ട് കൊള്ളാഞ്ഞിട്ടാണ് അല്ലാതെന്താ?വീണയുടെ വാക്കുകളിൽ അമർഷം നിറഞ്ഞു നിന്നു.അയാളൊരു മാന്യനാണെന്ന്, കുറച്ച് മുൻപ് നീ പറഞ്ഞതല്ലേയുള്ളു?

അയാൾ ആശ്ചര്യത്തോടെ ചോദിച്ചുഅത് പിന്നെ, എന്നോടയാൾ മാന്യമായി പെരുമാറിയായിരുന്നു,എന്ന് വച്ച്, സ്വന്തം ഭാര്യയുടെ ഇത്തരം വൈകൃതങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് നല്ല ഭർത്താവിന് ചേർന്നതാണോ ?നീയെന്തൊക്കെയാണ് വീണാ.. ഈ പറയുന്നത് ? അതിന് അയാളെന്ത് പിഴച്ചു, ഭാര്യ മറ്റ്സ്ത്രീകളെ വികാരത്തോടെ നോക്കുന്നുണ്ടെന്ന കാര്യം

ഒരു പക്ഷേ അയാളറിയിന്നുണ്ടാവില്ല,എന്തായാലും ഞാനൊന്ന് അദ്ദേഹത്തോട് കുശലം ചോദിച്ചിട്ട് വരാം, ഞാനിങ്ങോട്ട് കയറി വന്നപ്പോൾ ആള് മുറ്റത്ത് നിന്ന് ചെടികൾക്ക് വെള്ളമൊഴിക്കുന്നുണ്ടായിരുന്നു

ആങ്ഹ് ചെല്ല് ,പിന്നെ അവരെക്കൂടി നല്ലത് പോലെ ഒന്ന് ശ്രദ്ധിച്ചോളു..,,വേഷം മാറിയ ശേഷം സുധീഷ്, വേഗം പൂമുഖത്തേയ്ക്ക് ചെന്നു ,അപ്പോഴേയ്ക്കും അയലത്തെ അദ്ദേഹം മതിലിനരികിൽ പടർന്ന് നില്ക്കുന്ന ബോഗൻ വില്ലകളുടെ ശിഖരങ്ങൾ വെട്ടിയൊരുക്കുന്ന തിരക്കിലായിരുന്നു.

ഹലോ സർ.,തിരക്കിലാണോ?സുധീഷിൻ്റെ ചോദ്യം കേട്ട അയാൾ തല വെട്ടിച്ച് നോക്കിഹേയ് എന്ത് തിരക്ക് ?ഇതൊക്കെ ഒരു നേരം പോക്കല്ലേ? അല്ലാ, എന്താ പേര്? എവിടെയാ വർക്ക് ചെയ്യുന്നത്?സുധീഷ്, തൻ്റെ പേരും ജോലിയും പറഞ്ഞു.

അല്ല, സാറ്, എക്സ് മിലിട്ടറിയാണോ? ബോഡി ഷെയ്പ് കണ്ട് ചോദിച്ചതാ കെട്ടോ?അയാളെയൊന്ന് ഫേവറ് ചെയ്യുകയായിരുന്നു സുധീഷിൻ്റെ ലക്ഷ്യം.അതെ, ഞങ്ങൾ രണ്ട് പേരും സൈന്യത്തിലായിരുന്നു ,അവളവിടെ നഴ്സായിരുന്നു, എൻ്റെ കാലാവധി കഴിഞ്ഞെങ്കിലും അവളെ തനിച്ചാക്കി വരാൻ പറ്റാത്തത് കൊണ്ട്,

എൻ്റെ സർവ്വീസ് നാല് വർഷം കൂടി ഞാൻ നീട്ടി വാങ്ങിച്ചു,അപ്പോൾ കുട്ടികളൊക്കെ പഠിക്കുവാണോ ?അതോ വിവാഹിതരായോ?രണ്ടുമല്ല ,ഞങ്ങൾക്ക് കുട്ടികളെ ദൈവം തന്നില്ലഡോ,നിരാശ കലർന്ന അയാളുടെ മറുപടിയിൽ സുധീഷ് ,ഒരു നിമിഷം നിശബ്ദനായിപ്പോയി.

സർവ്വീസിലിരുന്നപ്പോൾ ജോലിത്തിരക്കും മറ്റുമായി ആ ഒരു കുറവ് ഞങ്ങളറിഞ്ഞില്ല, പക്ഷേ ഇപ്പോഴാണ് മനസ്സിലായത് ,ഈ ഭൂമിയിൽ എനിക്കവളും അവൾക്ക് ഞാനും മാത്രമേയുള്ളുവെന്ന്സർ., ചികിത്സ തേടിയിരുന്നില്ലേ?എന്താ ഡോക്റ്റേഴ്സിൻ്റെ അഭിപ്രായം?

ചികിത്സ തുടർന്നാൽ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണവര് പറഞ്ഞത് ,പക്ഷേ അതിന് നാട്ടിൽ വന്ന് സെറ്റിൽഡാവണമായിരുന്നു ,അതിന് ഞങ്ങൾ രണ്ട് പേരും ജോലി രാജിവയ്ക്കണമായിരുന്നു, മിലിട്ടറിയിൽ അതത്ര എളുപ്പമല്ലന്ന് അറിയാവുന്നത് കൊണ്ട് ,മൃദുലയാണ് പറഞ്ഞത്

,നാല്പത്തിയഞ്ചാകുമ്പോഴേക്കും നമ്മൾ രണ്ട് പേരും സ്വതന്ത്രരാകുമല്ലോ?അപ്പോൾ നാട്ടിൽ ചെന്ന് സ്വസ്ഥമായിട്ട്, ട്രീറ്റ്മെൻറ് കണ്ടിന്യൂ ചെയ്യാമെന്ന്ഓഹ് റിയലി ?അപ്പോൾ ഇനി വച്ച് താമസിപ്പിക്കണ്ടല്ലോ ? നല്ലൊരു ഹോസ്പിറ്റൽ ഇവിടെ ടൗണിലുണ്ട് ,അവിടുത്തെ പി ആർ ഒ എൻ്റെയൊരു , ഫ്രണ്ടാണ് ,സാറ് ഫ്രീയാണെങ്കിൽ, നാളെ തന്നെ ഗൈനക് ഓപ്പിയിലൊരു അപ്പോയിൻ്റ്മെൻ്റടുത്ത് തരാം, എന്ത് പറയുന്നു

സുധീഷ് പ്രതീക്ഷയോടെ അയാളുടെ മുഖത്തേയ്ക്ക് നോക്കി.ഓഹ് ഇനിയിപ്പോൾ അങ്ങനെയൊരു ട്രീറ്റ്മെൻ്റിൻ്റെ ആവശ്യമെന്തിനാണെന്നാണ് അവള്ചോദിക്കുന്നത്?ങ്ഹേ, അത് കൊള്ളാല്ലോ? അമ്മയാകാനാഗ്രഹമില്ലാത്ത ഏതെങ്കിലും സ്ത്രീകൾ ഈ ലോകത്തുണ്ടാവുമോ ?കുട്ടികളെ നൊന്ത് പ്രസവിക്കാനും അവരെ മുലയൂട്ടി വളർത്താനും എത്രയോ സ്ത്രീകളാണ് ഈ ലോകത്ത് കൊതിയോടെ കാത്തിരിക്കുന്നതെന്ന് സാറിനറിയാമോ ?

അതൊന്ന് സാറിൻ്റെ ഭാര്യയോട് പറഞ്ഞ് മനസ്സിലാക്കു ,ഒരു കുഞ്ഞെങ്കിലുമുണ്ടെങ്കിൽ അവസാന സമയത്ത്, നമ്മുടെ വായിലേക്ക് ഒരിറ്റ് വെള്ളമൊഴിക്കാനെങ്കിലും ആളുണ്ടാവും,അല്ലാതെ സൗന്ദര്യം പോകുമെന്ന് കരുതി പ്രസവിക്കാതിരുന്നിട്ട് കാര്യമില്ല ,കാരണം ശ്വാസം നിലയ്ക്കും വരെയെ ശരീരത്തിന് ഭംഗിയുണ്ടാവു,

അത് കഴിഞ്ഞാൽ പിന്നെ എത്ര മേയ്ക്കപ്പ് ചെയ്ത ബോഡിണെങ്കിലും മണ്ണിലെ പുഴുക്കൾക്ക് ഒരു നേരം ഭക്ഷിക്കാനെയുണ്ടാവു ,വീണ പറഞ്ഞ കാര്യം കൂടി മനസ്സിലുണ്ടായിരുന്നത് കൊണ്ട്, നീരസത്തോടെയാണ് സുധീഷ് അയാളോട് സംസാരിച്ചത് .

സൗന്ദര്യം പോകുമെന്ന് കരുതിയല്ല സുധീഷേ ,മൃദുല സമ്മതിക്കാത്തത് ,കുട്ടികളെ പ്രസവിക്കണമെന്നും മുലയൂട്ടി വളർത്തണമെന്നുമൊക്കെ രണ്ട് കൊല്ലം മുൻപ് വരെ അവൾക്കും ആഗ്രഹമുണ്ടായിരുന്നു ,പക്ഷേ, അപ്രതീക്ഷിതമായി വന്ന ബ്രെസ്റ്റ് ക്യാൻസർ അവളുടെസ്വപനങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി,

സ്വന്തം കുഞ്ഞിന് മുലയൂട്ടാൻ കഴിയാത്ത താനെന്തിനാണിനി പ്രസവിക്കുന്നതെന്നാണവള് ചോദിക്കുന്നത്, എനിക്കതിന് ഉത്തരം കൊടുക്കാൻ കഴിയുന്നില്ലെഡോ,

സ്വന്തം മാറിടം ശൂന്യമായപ്പോൾ മുതൽ, അവൾക്ക് പുതിയൊരു ദുഃശ്ശീലവും തുടങ്ങി ,മറ്റ് സ്ത്രീകളുടെ നെഞ്ചിലേക്കവൾ പരിസരബോധമില്ലാതെ തുറിച്ച് നോക്കിക്കൊണ്ടിരിക്കും ,

പല പ്രാവശ്യം തിരുത്താൻ ഞാൻ ശ്രമിച്ചതാണ് , പക്ഷേ ….സങ്കടം തൊണ്ടയിൽ കുരുങ്ങിയത് കൊണ്ട് അയാളുടെ വാക്കുകൾ ഇടയ്ക്ക് വച്ച് മുറിഞ്ഞു.അയാളെ ആശ്വസിപ്പിക്കാൻ വാക്കുകൾ പരതുന്ന സുധീഷിൻ്റെ രക്ഷയ്ക്കായി വീണയുടെ വിളി വന്നു.തിരിഞ്ഞ് നടക്കുമ്പോൾ, താനും വീണയും കാര്യമറിയാതെ, പാവം ഒരു സ്ത്രീയെക്കുറിച്ച് അപവാദം പറഞ്ഞ് പോയതിൻ്റെ പശ്ചാത്താപത്തിലായിരുന്നു അയാൾ .