Short story
അമ്മ
എഴുത്ത്: റിൻസി പ്രിൻസ്
“ശ്രീക്കുട്ടി…….
ഇങ്ങനെ എപ്പോഴും ഫോണിൽ നോക്കിയിരുന്നാൽ നിനക്ക് എന്തെങ്കിലും അസുഖം വരും……..
മാത്രമല്ല ടിവിയിലും പത്രത്തിലും ഒക്കെ ഓരോ വാർത്തകൾ കേൾക്കുമ്പോൾ ഉള്ളിൽ ഒരു ആളലാണ്……….
നീ ഏതുസമയവും ഇങ്ങനെ ഫോണും പിടിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോൾ എനിക്ക് പേടി വരും………”
ഉള്ളിലുള്ള ആധിയോടെ അമ്മ അത് പറയുമ്പോൾ ഒരു പുച്ഛചിരിയായിരുന്നു അനുശ്രീയുടെ മുഖത്ത്…….
“അമ്മ ഏത് കാലത്ത് ആണ് ജീവിക്കുന്നത് ……..?
എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം…..”
ഫോണെടുത്ത് അല്പം മാറ്റിവെച്ച് അമ്മയുടെ അരികിലേക്ക് വന്നു അല്പം ദേഷ്യത്തിൽ തന്നെ അമ്മയുടെ മുഖത്തേക്ക് നോക്കി ഇത്തിരി പുച്ഛത്തോടെ പറഞ്ഞു……
” ഈ ഫോണിൽ നോക്കി ഇരുന്നാൽ ഉടനെ വാർത്തയിലും ടീവിയിലും ഒക്കെ അങ്ങ് നിറഞ്ഞുനിൽക്കാൻ പോകുവാണോ …….?
അമ്മയ്ക്ക് എന്തറിയാം……….”
“അമ്മയ്ക്ക് നിൻറെ വീതം ഒരു കാര്യങ്ങളും അറിയില്ല എന്നത് സത്യമാണ്……. എങ്കിലും കാലത്തിൻറെ പോക്ക് നന്നായി അമ്മയ്ക്ക് മനസ്സിലാക്കും……”
“പിന്നെ പൊട്ടകിണറ്റിനെ തവളയെ പോലെ ഈ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ നിൽക്കുന്ന അമ്മയ്ക്ക് ആണ് കാലത്തിന്റെ പോക്ക് അറിയാവുന്നത്……
ഈ തള്ള് ഒന്ന് നിർത്തു അമ്മേ……
ഒന്നും അറിയില്ല എങ്കിലും ഉപദേശത്തിന് ഒരു കുറവും ഇല്ല……
ഒന്നും മിണ്ടാതെ വേദന നിറഞ്ഞ മുഖത്തോടെ അമ്മ അകത്തേക്ക് പോയപ്പോൾ അമ്മയോട് ദേഷ്യം ആയിരുന്നു തോന്നിയിരുന്നത്…….
അമ്മ എന്ത് കാര്യത്തിലും ഉപദേശിക്കാൻ വരുന്നത് അസ്സഹയം ആയിരിക്കുന്നു……
ആവശ്യത്തിനും ആവശ്യമില്ലാത്ത കാര്യത്തിനും അമ്മയുടെ ഉപദേശം പതിവ് ആണ്…….
പലപ്പോഴും വീട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്……
ഒരുപക്ഷേ അത് പ്രായത്തിന്റെ വിഷയം ആയിരിക്കും……
അതുകൊണ്ട് തന്നെ അമ്മയോട് അല്പം ദേഷ്യപ്പെട്ട് ഫോൺ അവിടെവച്ച് പോയി കുളിച്ചു കോളേജിൽ പോകാനായി റെഡി ആയി വന്നു…….
വന്നപ്പോഴേക്കും അമ്മ പറഞ്ഞതൊക്കെ മറന്ന് ഭക്ഷണം എല്ലാം ഡൈനിങ് ടേബിൾ എടുത്ത് വെച്ചിരുന്നു…….
അമ്മയോട് ഒന്നും മിണ്ടാതെ എടുത്തു വച്ചിരുന്ന ഭക്ഷണത്തിൽ ഒന്ന് നോക്കുക പോലും ചെയ്യാതെ ചാടിത്തുള്ളി പുറത്തേക്ക് പോയി…….
പുറകെ ഓടി വന്ന് അമ്മ വിളിച്ചു……
” ശ്രീകുട്ടി നീ ഒന്നും കഴിക്കുന്നില്ലേ……?” വേണ്ട…….എനിക്ക് വേണ്ട രാവിലെ തന്നെ അമ്മ വയറുനിറച്ച് തന്നല്ലോ…….ഇനി എനിക്ക് ഒന്നും കഴിക്കാൻ വേണ്ട……”
അത്രയും പറഞ്ഞ് ദേഷ്യത്തോടെ അമ്മയെ ഒന്ന് നോക്കുകപോലും ചെയ്യാതെ തിരികെ ബസ് സ്റ്റോപ്പിലേക്ക് നടന്നു…….
ആ സമയത്ത് താൻ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്നോ ഒരു യാത്ര പറഞ്ഞിരുന്നെങ്കിൽ എന്നൊ ഒക്കെ അമ്മ ആഗ്രഹിച്ചിട്ട് ഉണ്ടാവും…….. പക്ഷേ അമ്മയോടുള്ള പിണക്കം കൊണ്ടാണ് അങ്ങനെ തന്നെ ഇറങ്ങിപ്പോന്നത്…….
അമ്മയുടെ മനസ്സ് വിഷമിപ്പിച്ചത് കൊണ്ടായിരിക്കാം അന്നത്തെ ദിവസം മുഴുവൻ എല്ലാ കാര്യങ്ങളിലും അത് അനുഭവപെട്ടു……ചെയ്ത കാര്യങ്ങളെല്ലാം തലകീഴായി പോയി എന്ന് തന്നെ പറയാമായിരുന്നു…….
കുറച്ച് സമയം കഴിഞ്ഞ് ക്ലാസ്സിൽ ഇരുന്നപ്പോഴാണ് പെട്ടെന്ന് ഫോൺ ബെൽ അടിച്ചത്…..ക്ലാസിൽ കയറും മുൻപ് ഫോൺ സൈലൻറ് ആകുന്ന കാര്യം മറന്നു പോയിരുന്നു……
പെട്ടെന്ന് ക്ലാസ്സിലെ നിശബ്ദതയിലേക്ക് തന്റെ ഫോൺകോൾ ബെല്ലടിച്ചപ്പോൾ എല്ലാവരും തന്നെ തന്നെ നോക്കി…..
ക്ലാസ്സെടുത്തു കൊണ്ടിരുന്ന സാറ് ഒരു ചൂടൻ ആയതുകൊണ്ട് അപ്പോൾ തന്നെ തന്നെ ക്ലാസ്സിൽ നിന്നും ഇറക്കിവിട്ടു……
കണക്കിന് വഴക്കും പറഞ്ഞു……അതിനിടയിൽ ഫോൺ കട്ട് ചെയ്തു എങ്കിലും അമ്മ വിളിച്ചുകൊണ്ടിരുന്നു. അല്ലെങ്കിലും അമ്മ അങ്ങനെ ആണല്ലോ കിട്ടുന്ന വരെ വിളിക്കുന്നത് ആണ് അമ്മയുടെ കണക്ക്.
പെട്ടെന്ന് ഡിസ്പ്ലേ തെളിഞ്ഞത് അമ്മയുടെ പേരാണ്……
രാവിലത്തെ സംഭവവും ഇപ്പോൾ എല്ലാവരുടെയും മുന്നിൽവച്ച് സാറ് തന്നെ വഴക്ക് പറഞ്ഞ് ക്ലാസ്സിൽ നിന്നും ഇറക്കി വിട്ട അപമാനവും എല്ലാം അമ്മയോടുള്ള ദേഷ്യം ആയി തന്നെ പരിണമിച്ചു…….
അല്ലെങ്കിലും അമ്മയോട് അല്ലേ ദേഷ്യപ്പെടാൻ കഴിയു……
പെട്ടെന്ന് ഫോൺ എടുത്തു ചെവിയോട് ചേർത്തു….
” ശ്രീക്കുട്ടി……നീ വല്ലതും കഴിച്ചോ……?അമ്മയുടെ ആധി നിറഞ്ഞ ആ സ്വരമായിരുന്നു ആദ്യം കാതിൽ എത്തിയത്…..
പക്ഷേ അമ്മയോടുള്ള ദേഷ്യത്തെ തണുപ്പിക്കാൻ ആ സ്വരത്തിനു കഴിഞ്ഞില്ല എന്നതായിരുന്നു സത്യം……..”എന്തൊരു ശല്യമാണ് ഇത്…..
ഞാൻ ക്ലാസ്സിൽ ആണ് എന്ന് അമ്മയ്ക്ക് അറിയില്ലേ……
ഇങ്ങനെ വിളിച്ച് എന്നെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാ……”
ദേഷ്യത്തോടെ അത് പറഞ്ഞ് ഫോൺ കട്ട് ചെയ്തു……
ഒരിക്കൽ കൂടി അമ്മ വിളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായിരുന്നില്ല……
അഥവാ വിളിച്ചാൽ തന്നെ കുറച്ചു കൂടി ദേഷ്യപ്പെട്ട് സംസാരിക്കണം എന്ന് വിചാരിച്ചാണ് നിന്നത്…..എങ്കിലും അത് ഉണ്ടായില്ല…..
എങ്ങനെയൊക്കെ ഉച്ചവരെ തള്ളിനീക്കി…..
ഉച്ചയായപ്പോൾ ഇരുന്നപ്പോഴാണ് പ്രിൻസിപ്പൽ ആളിനെ അയച്ച് റൂമിലേക്ക് വിളിക്കുന്നു എന്ന് പറഞ്ഞത്……
എന്തായിരിക്കും എന്ന് കരുതി റൂമിലേക്ക് ചെന്നപ്പോൾ ആധിയോടെ പ്രിൻസിപ്പലിനെ അരികിലിരിക്കുന്ന അച്ഛനെയാണ് കണ്ടത്…….
ആദ്യം കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അച്ഛൻറെ അരികിലേക്ക് ചെന്നു…..
“എന്താച്ചാ…..”” ഒന്നും ഇല്ല മോളെ….
നമുക്ക് വീട്ടിലേക്ക് ഒന്ന് പോകണം…..അച്ഛൻ പറഞ്ഞു….
അച്ഛൻ പറഞ്ഞപ്പോൾ എന്തോ ഒരു പന്തികേട് അച്ഛൻറെ സ്വരത്തിൽ തോന്നിയിരുന്നു…….
അങ്ങോട്ടുള്ള യാത്രയിൽ അച്ഛൻ മൗനമായിരുന്നു……പലപ്രാവശ്യം അച്ഛനോട് ചോദിച്ചു എന്താണ് കാര്യം എന്ന് ഒന്നുമില്ലെന്ന് വാക്കിൽ അച്ഛൻ മറുപടി ഒതുക്കിയപ്പോൾ കുറച്ചുസമയം താൻ ഒന്നും സംസാരിച്ചില്ല……
വീടിൻറെ മുറ്റത്തേക്ക് കയറുമ്പോൾ കുറെ ആളുകൾ അവിടെയും ഇവിടെയുമായി നിൽക്കുന്നത് കാണാമായിരുന്നു…….പെട്ടെന്ന് മനസ്സിലേക്ക് ഓടി വന്നത് മുത്തശ്ശിയുടെ മുഖമാണ്…..
മുത്തശ്ശി വയ്യാതെ കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി……
മുത്തശ്ശിക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് ആധിയോടെ അകത്തേക്ക് ചെന്നപ്പോൾ അല്പം മാറി അവിടെ ഇരുന്ന് കരയുന്നത് അനുജൻറെ മുഖമാണ് ആദ്യം കണ്മുൻപിൽ തെളിഞ്ഞത്……
” ചേച്ചി നമ്മുടെ അമ്മ…… “അത് പറഞ്ഞ് അവൻ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു കരയുമ്പോൾ കാര്യം അറിയാതെ ഞാൻ അവിടേ ഒക്കെ നോക്കുന്നത് അമ്മയെ തന്നെയായിരുന്നു……
“ചെറിയ നെഞ്ച് വേദന വന്നതാ…..ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയിൽ വച്ചു തന്നെ പോയി…..കുറച്ചു കഴിഞ്ഞിട്ട് ആശുപത്രിയിൽ നിന്നും കൊണ്ടുവരും…..
ആരോ പറയുന്നത് കേട്ടു…..അപ്പോഴേക്കും എൻറെ ചെവിയിലൂടെ ഒരു വല്ലാത്ത ശബ്ദം മാത്രമായി അത് മാറിയിരുന്നു…..” ഈശ്വരാ അമ്മ ഇനി ഇല്ല…..
എന്ന സത്യത്തെ അംഗീകരിക്കാൻ എൻറെ മനസ്സ് എന്തുകൊണ്ടോ തയ്യാറായിരുന്നു……അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ അടർന്നുവീഴുന്ന ഉണ്ടായിരുന്നു……
കുറച്ചു സമയങ്ങൾക്ക് ശേഷം പേടിപ്പെടുത്തുന്ന അലമുറ ശബ്ദമുണ്ടാക്കിക്കൊണ്ട് ആംബുലൻസ് വീടിൻറെ മുൻപിൽ കൊണ്ടുവന്ന് നിർത്തുമ്പോൾ അമ്മയുടെ ചേതനയറ്റ ശരീരം അവിടെ അതിൽനിന്നും പുറത്തേക്കിറങ്ങിയപ്പോൾ ഒരു വല്ലാത്ത വേദന തന്നെ വലയം ചെയ്യുന്നുണ്ടായിരുന്നു…….
അവസാനനിമിഷത്തിൽ അമ്മ സംസാരിച്ചപ്പോൾ പോലും അമ്മയോട് ഒന്ന് സ്നേഹത്തോടെ സംസാരിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ല…….
ഇനി ഒരിക്കലും തന്നെ ഉപദേശിക്കാനോ വിളിച്ച് ശല്യം ചെയ്യാനോ അമ്മ ഉണ്ടാവുകയില്ലെന്ന് ആ നിമിഷവും താൻ അറിഞ്ഞിരുന്നില്ല…….
വല്ലാത്ത വേദനയായിരുന്നു ആ സമയം ഹൃദയത്തിൽ തോന്നിയിരുന്നത്…..
എല്ലാദിവസവും അമ്മയോട് വഴക്കുണ്ടാക്കി തന്നെയായിരുന്നു പോകുന്നത്……
പക്ഷേ എത്ര വഴക്കുണ്ടാക്കിയാലും വൈകുന്നേരം സന്തോഷപൂർവ്വം തന്നെ കാത്തിരിക്കുന്നുണ്ടാവും പാവം……
പക്ഷേ രാവിലത്തെ വഴക്ക് മനസ്സിൽ വെച്ച് താൻ എപ്പോഴും അമ്മയോട് അകലം സൃഷ്ടിച്ച മാത്രമേ ഇടപെട്ടിട്ടുള്ളു……
ഹൃദയം വല്ലാതെ വേദനിക്കുന്നത് പോലെ തോന്നി……
ഇനി ആൾക്കൂട്ടത്തിൽ നിൽക്കാൻ പോലും തനിക്ക് കഴിയില്ല എന്ന് കരുതി……
അടുക്കളയിലേക്ക് ആണ് ആദ്യം ചെന്നത്……..
അവിടെയായിരുന്നു അമ്മയുടെ തട്ടകം…..
അമ്മയുടെ സന്തോഷവും ദുഃഖവും എല്ലാം അവിടെ ആയിരുന്നു……
അവിടത്തെ പത്രങ്ങൾക്കും
ചുവരുകൾക്കും അറിയാം അമ്മയുടെ വേദനകളെ പറ്റി…..
അമ്മയുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പറ്റി…….
അടുക്കളയിലേക്ക് ചെന്നപ്പോഴേക്കും കണ്ണുനീർ വല്ലാതെ വരുന്നുണ്ടായിരുന്നു……..
അവിടെ ചെന്നപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് അരകല്ലിന്റെ പുറത്ത് എടുത്തു വച്ചിരുന്ന രണ്ട് ഇഡ്ഡലിയും അതിനുമുകളിൽ ഒഴിച്ചിരുന്ന ചമ്മന്തിയുമായിരുന്നു…..
ചമ്മന്തി കറി ഇഡ്ഡലിയിൽ വല്ലാതെ വരണ്ടിരിക്കുന്നു……
കുറെ നേരമായി അത് എടുത്തു വെച്ചിരിക്കുന്നു അത് കാണുമ്പോൾ തന്നെ അറിയാം അമ്മ രാവിലെ കഴിച്ചിട്ടുണ്ടാവില്ല…….
ഞാൻ രാവിലെ കഴിക്കാതെ പോയത് കൊണ്ട് ഒരിക്കലും അമ്മയ്ക്ക് സമാധാനപൂർവം ആഹാരം കഴിക്കാൻ കഴിയുമായിരുന്നില്ല…….
അമ്മ കഴിക്കാൻ വേണ്ടി എടുത്തുവെച്ച് ഭക്ഷണമായിരിക്കും ഇത്…….
കഴിക്കാൻ ഭക്ഷണം എടുത്തു വച്ചതിനുമുൻപ് ആയിരിക്കും അമ്മ തന്നെ വിളിച്ച് കഴിച്ചോ എന്ന് തിരക്കിയത്…….
ഇനി ഒരിക്കലും അമ്മയുടെ ആ സ്നേഹവാത്സല്യങ്ങൾ തന്നെ തേടിയെത്തിയില്ല എന്ന് ഓർത്തപ്പോൾ വല്ലാതെ ഹൃദയം വേദനിക്കുന്നത് അനുശ്രീ അറിഞ്ഞു……
പോയ അവസരങ്ങൾ ഒക്കെ ഒന്ന് തിരികെ വന്നിരുന്നുവെങ്കിൽ അമ്മയെ ഒന്നുകൂടി സ്നേഹിക്കാം ആയിരുന്നു എന്ന് അനുശ്രീ ചിന്തിച്ചു പോയിരുന്നു…..
വേണമെങ്കിൽ രാവിലത്തെ സംഭവം തനിക്ക് ഈസിയായി കൈകാര്യം ചെയ്യാമായിരുന്നു……
” അമ്മ കുട്ടിക്ക് എന്തറിയാം എന്ന് ചോദിച്ചു ചിരിയോടെ അമ്മയുടെ കവിളിൽ ഒരു ഉമ്മ വച്ചിട്ട് ഓടിപ്പോയി ഒരുങ്ങി വരാമായിരുന്നു…..
അപ്പോൾ അമ്മയ്ക്ക് ഒരുപക്ഷേ മനസ്സ് വേദനിക്കില്ലായിരുന്നു……
ഭക്ഷണം എടുത്തുവെച്ച് വിളിച്ചപ്പോൾ
“അമ്മ എന്തെങ്കിലും പറഞ്ഞു എന്ന് പറഞ്ഞു ഞാൻ ഇവിടെ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുമെന്ന് കരുതിയെങ്കിൽ അമ്മയ്ക്ക് തെറ്റി എന്ന് പറഞ്ഞ് അമ്മയോട് തമാശയ്ക്ക് വഴക്കുണ്ടാക്കാമായിരുന്നു……
അങ്ങനെ ആയിരുന്നെങ്കിൽ അമ്മയും അത് ചിരിയോടെ എടുത്തേനെ……
ഫോൺ വിളിച്ച് സമയത്ത്
” സാർ എന്നെ വഴക്കുപറഞ്ഞു അമ്മേ ഞാൻ തിരികെ വിളിക്കാം എന്ന് പറഞ്ഞു വേണമെങ്കിൽ ഫോൺ കട്ട് ചെയ്യാമായിരുന്നു……
ഇല്ല ഇനി ഇന്നലെകൾ ഒന്നും തിരികെ വരില്ല……
അതൊക്കെ തന്റെ തെറ്റ് തന്നെയായിരുന്നു…..
കണ്ണുള്ളപ്പോൾ ഒരിക്കലും കണ്ണിൻറെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാൻ കഴിയില്ലല്ലോ…..
അമ്മ ഒരു നന്മ തന്നെയാണ്……
ആ നന്മ വറ്റുമ്പോൾ മാത്രമാണ് മകൾക്ക് പോലും അത് മനസ്സിലാവുന്നത് എന്ന് മാത്രം….